Tuesday, 6 September 2011

ദിനാചരണം

മുഖം മറച്ചോരാട്ടിടയന്‍  
ചോര കറന്നെടുക്കുന്നുണ്ട്
മാതൃദിനത്തില്‍ 
അനാഥാലയങ്ങളുടെ പശിയടക്കാന്‍ 

              അണിയറയിലെവിടെയോ 
              അഴിഞ്ഞു വീഴുന്നുണ്ട്‌ 
              വനിതാദിനത്തില്‍
              ഭാരതാംബയാക്കപ്പെട്ടവളുടെ
              ഭാവശുദ്ധി 

പരിസ്ഥിതിദിനത്തില്‍
ഒരു മരം നടുന്നുണ്ട് 
എരിവെയിലില്‍ 
പുറംപൊള്ളിമരിച്ച  തമിഴന്‍റെ 
ഓര്‍മകള്‍ക്ക്  തണലേകാന്‍ 

            വിശന്നുചത്തൊരു മാട് 
            തീന്‍മേശയില്‍ അമറുന്നുണ്ട്‌ 
            ഭകഷ്യദിനത്തില്‍ 
            വിരുന്നിനെത്തിയവരുടെ 
            വെറിപൂണ്ട വെപ്രാളം കണ്ട്‌

കിണ്ടിയുടെ വാപൊത്തി  
കര്‍മ്മി പറയുന്നുണ്ട് 
ജലദിനത്തില്‍ 
ദാഹനാഡി പൊട്ടി മരിച്ചവരുടെ 
ശാന്തിക്ക്
എള്ളെടുത്ത്‌.....പൂവെടുത്ത് .......ജലം തൊട്ട്‌.......